ക്ഷേത്രത്തെ കുറിച്ചു

ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്രതിന്‍റെ  യഥാർത്ഥ പഴക്കം നിർണ്ണയിക്കുവാൻ സാധിക്കുകയില്ല. പഴശ്ശിരാജാവിന്റെ പതനം, ബ്രിട്ടീഷ്‌കാരുടെ ഭരണം, രാഷ്‌ട്രീയമായി വന്ന വേലിയേറ്റം, ഉരാളന്മാരുടെ  നിസ്സാഹായവസ്ഥ, ഭൂപരിഷ്കരണ നിയമത്താൽ നഷ്ട്പ്പെട്ട ക്ഷേത്രഭൂമിയും അവയിൽനിന്ന് കിട്ടികൊണ്ടിരുന്ന  വരുമാനം നിലച്ചതും, എല്ലാംകൂടി ക്ഷേത്രത്തിന്റെ തകർച്ച പൂർണ്ണതയിൽ എത്തി. 1982-83 കാലഘട്ടത്തിലാണ്  ആദ്യമായി ക്ഷേത്ര പുരോഗതിക്കു വേണ്ടി കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്.

1983 ഫെബ്രുവരി മാസം 26 തീയതി അന്നത്തെ സമിതിയുടെ മുഴുവൻ സമയ പ്രവർത്തകനും, ഓർഗനൈസറുമായ ശ്രീ വിജയന്‍റെ പരിശ്രമത്തിൽ ആദ്യമായി കേരളാക്ഷേത്ര സംരക്ഷണ സമിതിയുടെ തലശ്ശേരി താലൂക്ക്‌ സമ്മേളനം ക്ഷേത്രത്തിന്‍റെ ഊട്ട് പുരയിൽ (ഇന്നത്തെ അമൃതാനന്ദമയീ മഠo) വെച്ച് നടത്തപ്പെട്ടു. അന്ന് സമിതിയുടെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ശബരിമലയിലെ മുൻമേൽശാന്തി ബ്രഹ്മശ്രീ കേശവൻ ഭട്ടതിരിപ്പാട് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും, ഒരു സമിതി തൃക്കൈക്കുന്നു ക്ഷേത്രത്തിൽ ആരംഭിക്കുകയും ചെയ്തു. അങ്ങിനെ ആദ്യമായി സമിതിയുടെ ശാഖ 857/83 ആയി ക്ഷേത്ര സംരക്ഷണ സമിതിയിൽ രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. അന്നത്തെ ആ യോഗത്തിൽ സമീപവാസികൾ ആരും തന്നെ പങ്ക് എടുത്തില്ല. ശേഷം ഒർഗനൈസർ ശ്രീ വിജയൻ, അഡ്വ. എo. കെ. രഞ്ജിത്ത് എന്നിവരുടെ  നേതൃത്വത്തിൽ സമീപവാസികളെയൊക്കെ ഗൃഹസമ്പർക്കം ചെയ്ത് സംഘടിപിച്ചു സമൂഹാരാധന ആദ്യമായി ആരംഭിക്കുകയും ചെയ്തു. തുടർന്ന് മാതൃസമിതിയും, കുട്ടികൾക്കായി ഒരു മതപാഠശാലയും ആരംഭിച്ചു. മതപാഠശാല പിന്നീട് നിന്നുപോയെങ്കിലും, ഇന്നും ശാഖാസമിതിയുടെ സമൂഹാരാധനയും, മാതൃസമിതി പ്രവർത്തനവും നടന്നുവരുന്നുണ്ട്.

ശാഖാ സമിതി ആരംഭിക്കുന്ന കാലഘട്ടത്തിൽ ക്ഷേത്രത്തിന്‍റെ സ്ഥിതി ശോചനീയാവസ്ഥയിലായിരുന്നു. ഗോശാലകൃഷ്ണന്റെ ക്ഷേത്രത്തിന് മുൻപിലായി കുട്ടികൾ പന്തുകളിച്ചു വരികയും, ക്ഷേത്രഗോപുരത്തിൽ മദ്യക്കുപ്പികൾ സർവസാധാരണവുമായിരുന്നു.

ക്രമേണ ക്രമേണ സമൂഹാരാധന ശക്തി പ്രാപിക്കുകയും ക്ഷേത്രത്തിന്‍റെ  അന്തരീക്ഷം നാമ സംങ്കീർത്തനം കൊണ്ട് ഭക്തിനിർഭരമാവുകയും ചെയ്തു.

ഈ അവസരത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആചാര്യനായ സ്വർഗ്ഗീയ മാധവ്ജി ക്ഷേത്രത്തിൽ വന്ന് ക്ഷേത്രസംങ്കല്പത്തെക്കുറിച്ച് ആദ്യപ്രഭാഷണം നടത്തുകയും, ശേഷം സമിതിയുടെ അന്നത്തെ അദ്ധ്യക്ഷൻ പി. കേരളവർമ്മയ്ക്ക് ശാഖാ സമിതിയുടെ നേതൃത്വത്തിൽ ഗംഭീരസ്വീകരണം കൊടുക്കുകയും ചെയ്തു. തുടർന്നുള്ള  കാലഘട്ടത്തിൽ സമിതിയുടെ രണ്ടുദിവസ പഠന ശിബിരം ക്ഷേത്രത്തിൽ നടക്കുകയും, അന്നത്തെ സമിതി ജന.സിക്രട്ടറി പി. എസ്സ്‌. ദേവശിഖാമണിയും സംസ്ഥാന ഒർഗനൈസർ പി. രാമചന്ദ്രനും ശിബിരത്തിൽ പങ്കെടുത്ത് ക്ലാസ്സുകൾ എടുത്ത്‌ ശാഖാസമിതിക്ക് പുത്തൻ ഉണർവ്വും ആവേശവും നൽകി.

1987-88 കാലഘട്ടത്തിൽ   സമിതി പ്രവർത്തനം മന്ദീഭവിപ്പിക്കുവാൻ ബാഹ്യശക്തികൾ ശക്തമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായെങ്കിലും തൃക്കൈകുന്ന് ദേവന്‍റെ കടാക്ഷംകൊണ്ട് അതൊന്നും തന്നെ വിജയിച്ചിട്ടില്ല.

ശേഷം ശാഖാസമിതി നിലനിർത്തികൊണ്ട് തന്നെ ക്ഷേത്രത്തിൽ ശാഖാ സമിതിയുടെ നേതൃത്വത്തിൽ നിയമപരമായും, അധികാരപരമായും  പ്രവർത്തിക്കുവാൻ ഒരു കമ്മിറ്റി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. എന്നാൽ ഉരാലന്മാർ കമ്മിറ്റിയിൽ വേണ്ടത്ര താല്പര്യം കാണിക്കാത്തതിനാൽ ഉരാളന്മാരെ കൂടി ഉൾപ്പെടുത്തി ഇന്നത്തെ ട്രസ്റ്റിന് രൂപംകൊടുക്കുകയും, അങ്ങിനെ 1861/99  ആയി ഇന്നത്തെ ട്രസ്റ്റ്‌ ഉണ്ടാവുകയും ചെയ്തു. 1983ൽ  തുടങ്ങിയ പ്രവർത്തനമാണ് ഇന്നും ക്ഷേത്രത്തിൽ തുടർന്ന് വരുന്നത്.

മേൽപ്പറഞ്ഞ കമ്മിറ്റി രൂപംകൊടുത്തതിന് ശേഷമാണ് ആദ്യമായി ക്ഷേത്രത്തിന്‍റെ സമഗ്രപുരോഗതിക്ക് വേണ്ടി ശ്രീ ബാലകൃഷ്ണൻ ജോത്സ്യൻ സ്വർണ്ണപ്രശ്ന ചിന്ത നടത്തുകയും ശേഷം നവീകരണത്തിന്‍റെ ആദ്യഘട്ട പ്രവർത്തനം തുടങ്ങുകയും ചെയ്തു. 1994-95 ൽ ആദ്യമായി ശിവരാത്രിയോടനുബന്ധിച്ച് ഉത്സവ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു. പിന്നീട് തന്ത്രിവര്യൻമാരുടെ നിർദ്ദേശപ്രകാരം പറവട്ടി ഷണ്‍മുഖം ജോത്സ്യരെക്കൊണ്ട് സമഗ്രമായി വീണ്ടും സ്വർണ്ണപ്രശ്നം  നടത്തിക്കുകയും ചെയ്തു. ഇപ്പോൾ എല്ലാവർഷവും ശിവരാത്രിപ്രതിഷ്ഠാദിന മഹോത്സവം നടന്നുവരുന്നു. ഉത്സവം കുംഭത്തിലെ ഉത്രം നക്ഷത്രത്തിൽ നടത്തിവരുന്നുമുണ്ട്.

നാളിതുവരെ ശക്തമായ എതിർപ്പുകൾ ക്ഷേത്രപ്രവർത്തനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ജഗദീശ്വരന്‍റെ കൃപയാൽ ഇവയെല്ലാം തരണം ചെയ്തു ഭംഗിയായി മുന്നോട്ടേക്ക് പോയിട്ടുണ്ട്. ഇനിയും ധാരാളം പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുവാനുണ്ട്. ഹിന്ദുസമൂഹത്തിന്‍റെ ഉന്നമനത്തിനുവേണ്ടി ക്ഷേത്രകലകൾ തുടങ്ങിയവ പരിപോഷിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും പരിസരപ്രദേശത്തുള്ള ഭക്തസമൂഹം നിർലോഭമായ പിന്തുണ നൽകി വരുന്നു.

ക്ഷേത്ര ചിറ നവീകരിച്ചുകഴിഞ്ഞു. ഇനി ക്ഷേത്രത്തിന്‍റെ ജീർണ്ണോധാരണ പ്രവർത്തനം ബാക്കിയാണ്. ആയതിനുള്ള സഹായസഹകരണങ്ങൾ ഭക്തജനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.